കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടിക്ക് മുന്നോടിയായി കർഷക പ്രതിഷേധം. ഹരിയാനയിലും പഞ്ചാബിലും ആണ് ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം.കർഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. നൂറ് കണക്കിന് കര്‍ഷകര്‍ ട്രാക്ടറിൽ കയറി കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തുകയായിരുന്നു. പരിപാടിക്കൊരുക്കിയ വേദിയിൽ സംഘർഷം ഉണ്ടായി. വേദി തകർത്തു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി റദ്ദാക്കിയതായും ഓഫീസ് അറിയിച്ചു.പ്രതിഷേധിക്കാനെത്തിയവർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തി ചാര്‍ജ്ജും ഉണ്ടായി. ഇതോടെ സംഘര്‍ഷം ശക്തമാകുകയായിരുന്നു. എന്നാൽ വേദി തകർത്തതിൽ കർഷക സംഘടനകൾക്കോ സമരം ചെയ്യുന്ന കർഷകർക്കോ പങ്കില്ലെന്ന് കർഷകർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മറ്റു ചിലരാണ് വേദി തകർത്തതെന്ന് കർഷക സംഘടനകളും ആരോപിച്ചു.