തന്നെ നിയമവിരുദ്ധമായി വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തന്നെ വീട്ടുതടങ്കലിലാക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് മെഹബൂബ അറിയിച്ചിരിക്കുന്നത്.
യാതൊരു വിശദീകരണവും നല്‍കാതെ നിയമവിരുദ്ധമായാണ് തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗുപ്കറിലുള്ള വസതിയിലാണ് നിലവില്‍ മെഹബൂബ മുഫ്തി. ‘ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുക എന്നത് സര്‍ക്കാറിന്റെ ഒരു പ്രിയപ്പെട്ട രീതിയായി മാറിയിരിക്കുകയാണ്. ബുദ്ഗാമില്‍ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളെ സന്ദര്‍ശിക്കാനിരിക്കെയാണ് ഞാന്‍ വീണ്ടും വീട്ടു തടങ്കലിലായിരിക്കുന്നത്’ എന്നായിരുന്നു ട്വീറ്റ്.
ബുദ്ഗാമിലെ വനമേഖലയില്‍ നിന്നും നിര്‍ബന്ധമായി കുടിയിറക്കപ്പെട്ട ആദിവാസി സമൂഹത്തെ കാണാനായി പോകാനിരിക്കെയാണ് മെഹബൂബയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുന്നത് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഒരുകൂട്ടം ട്വീറ്റുകളിലൂടെ ഇവര്‍ ഉന്നയിക്കുന്നുണ്ട്.
‘ഇന്ന് വീണ്ടും നിയമവിരുദ്ധമായി വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ്. ‘തീര്‍ച്ചയായും ജനാധിപത്യം വളരെ കൂടുതലാണ്’. സുരക്ഷാ ആശങ്കകള്‍ കൊണ്ടാണോ എന്റെ ചലനങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കുന്നത്. അങ്ങനെയെങ്കില്‍ ഡിഡിസി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ട് ബിജെപി മന്ത്രിമാരെ എന്തുകൊണ്ടാണ് കശ്മീരില്‍ സ്വതന്ത്ര്യരായി പ്രചാരണം നടത്താന്‍ അനുവദിക്കുന്നത്.’ എന്നാണ് മെഹബൂബ ട്വീറ്റില്‍ ചോദിക്കുന്നത്
തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഡിഡിസി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് നിര്‍ദേശവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.