മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം ഉടന്‍. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് രവീന്ദ്രന്‍ ഡോക്ടര്‍മാരെ അറിയിച്ചത്. കടുത്ത തലവേദന, തളര്‍ച്ച, ശ്വാസകോശ ബുദ്ധിമുട്ട് തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ രവീന്ദ്രന്‍ ചികില്‍സ തേടിയത്.
പ്രാഥമിക പരിശോധനക്ക് ശേഷം കിടത്തി ചികിത്സക്കായി അദ്ദേഹത്തെ മെഡിസിന്‍ വാര്‍ഡിലേക്കും പിന്നീട് പേവാര്‍ഡിലേയ്ക്കും മാറ്റി. മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു ശേഷമാകും ഡിസ്ചാര്‍ജ് ചെയ്യണമോ, ആശുപത്രിയില്‍ തന്നെ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അധ്യക്ഷതയിലാകും ബോര്‍ഡ് ചേരുന്നത്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന രവീന്ദ്രന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് ശേഷം ഇ ഡി യെ നിലപാട് അറിയിച്ചേക്കും.
മൂന്നാം തവണയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്.
ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നല്‍കി. എന്നാല്‍ കോവിഡാനന്തര പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ വീണ്ടും ചികില്‍സ തേടി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. മൂന്നാമതും രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരിക്കെയാണ് ഇത്തവണ ആശുപത്രിയില്‍ എത്തിയത്.
ചോദ്യം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും നിര്‍ണായകമാണ്. രവീന്ദ്രന്റെ ആശുപത്രിവാസം ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. സി എം രവീന്ദ്രന്‍ സത്യസന്ധനാണെന്നും കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. അസുഖ ബാധിതനായതിനാലാണ് ചികിത്സ തേടിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു
സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രന്‍ പറയുമെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു