ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ല്‍ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയിലാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഇടം പിടിച്ചത്.
കമലാ ഹാരിസ്, ആംഗേല മെര്‍ക്കല്‍, ജസിന്‍ഡ ആര്‍ഡെണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ഷൈലജ യെയും വായനക്കാര്‍ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന പട്ടികയിലാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി ഉള്‍പ്പെട്ടിട്ടുള്ളത്.
ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ്, ബയോന്‍ടെക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒസ്ലെം ടുറെസി, ബെലറേഷ്യന്‍ രാഷ്ട്രീയ നേതാവ് സ്വെറ്റ്‌ലെന ടിഖനോവ്സ്‌കയ, തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍, അന്തരിച്ച യു.എസ് സുപ്രീം കോടതി ജഡ്ജി റൂത് ബാഡര്‍ ഗിന്‍സ്‌ബെര്‍ഗ്, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് അലക്‌സാന്‍ഡ്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കെ.കെ. ഷൈലജക്ക് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രോസ്‌പെക്ടസ് മാഗസിന്റെ പട്ടികയിലും ആരോഗ്യമന്ത്രി ഇടം നേടിയിരുന്നു.