തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍. ഒരു പാര്‍ട്ടി യോഗത്തില്‍ ‘രണ്ടു പൈസയുടെ വിലയുള്ളത്’ എന്ന് മാധ്യമങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, കൃഷ്ണനഗര്‍ എംപിയായ മഹുവ ഞായറാഴ്ച നാദിയ ജില്ലയില്‍ നടന്ന യോഗത്തിനിടെ റിപ്പോര്‍ട്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാളോട് വേദിയില്‍ നിന്ന് പുറത്തുപോകാന്‍ ആംഗ്യം കാണിക്കുന്നത് കാണാം.
‘രണ്ടു പൈസക്കാരായ പത്രക്കാരെ ആരാണ് ഇവിടേക്ക് വിളിച്ചത്? അവരെ വേദിയില്‍നിന്ന് നീക്കംചെയ്യൂ. സ്വന്തം മുഖം ടിവിയില്‍ കാണാന്‍വേണ്ടി ചില പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത്തരം ആളുകളെ ക്ഷണിക്കുന്നത്. ഇത് നടക്കില്ല’, എന്നായിരുന്നു മഹുവ മോയിത്രയുടെ പരാമര്‍ശം.
മഹുവ മോയിത്രയുടെ പ്രതികരണത്തിനെതിരെ കൊല്‍ക്കത്ത പ്രസ് ക്ലബ്ബ് രംഗത്തെത്തി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രസ് ക്ലബ്ബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മോയിത്രയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
എന്നാല്‍ തന്റെ നിലപാട് ശരിയായിരുന്നു എന്ന് ആവര്‍ത്തിച്ച് പിന്നീട് മഹുവ മോയിത്ര ട്വീറ്റ് ചെയ്തു. ‘ഞാന്‍ പറഞ്ഞ വേദനിപ്പിക്കുന്ന, ശരിയായ കാര്യത്തിന് ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു അവര്‍ ട്വിറ്ററില്‍ കുറിച്ചത്. മഹുവയുടെ പരാമര്‍ശനത്തിനെതിരെ നുസ്രത് ജഹാന്‍ ഉള്‍പ്പെടെയുള്ള സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരും രംഗത്തെത്തി.