സ്‌പെഷ്യൽ ഹോം : താല്പര്യപത്രം ക്ഷണിച്ചു
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി തൃശ്ശൂർ ജില്ലയിൽ സ്‌പെഷ്യൽ ഹോം ആരംഭിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവയടക്കം നവംബർ 21 ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നമ്പർ-40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു. വിശദവിവരങ്ങൾ www.wcd.kerala.gov.in ൽ ലഭ്യമാണ്.
‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. 2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
ഫാർമസിസ്റ്റ് കരാർ നിയമനം
തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം
ഇൻർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.
അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ അനുഭവപരമായ പഠനത്തിനും പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണു കൂടുതൽ ഊന്നൽ നൽകുന്നത്. വാട്ടർ ക്വാളിറ്റി മോഡലിങ്, എനർജി എൻവയോൺമെന്റ് ആൻഡ് സസ്റ്റാൻഷ്യബിൾ ഡെവലപ്മെന്റ്, ദുരന്ത നിവാരണത്തിലെ ജിയോ ഇൻഫർമാറ്റിക്സ്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജസ്രോതസുകൾ, അപ്ലൈഡ് ഹൈഡ്രോളജി, വ്യാവസായിക മാലിന്യ സംസ്‌കരണം, നഗരപരിസ്ഥിതി, മാലിന്യത്തിൽനിന്നുള്ള ഊർജോത്പാദനം, റിലയബിലിറ്റി എൻജിനിയറിങ്, സ്മാർട്ട് ഗ്രിഡ് ടെക്നോളജിയും ആപ്ലിക്കേഷനുകളും, ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് പവർ സിസ്റ്റംസ്, ക്ലൗഡ് കംപ്യൂട്ടിങ്, ബയോമെഡിക്കൽ സിഗ്‌നൽ പ്രോസസിങ്, പാറ്റേൺ റെക്കഗ്‌നേഷൻ ആൻഡ് മെഷീൻ ലേണിങ്, അഡാപ്റ്റിവ് സിഗ്‌നൽ പ്രോസസിങ് തുടങ്ങിയ വിവിധ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി തെരഞ്ഞെടുക്കാം. വിദ്യാർഥികൾക്ക് താത്പര്യമനുസരിച്ച് ഒരു കോഴ്സ് തെരഞ്ഞെടുക്കാനാകും.
45,000 രൂപയാണു സെമസ്റ്റർ ട്യൂഷൻ ഫീസ്. ഇന്റേൺഷിപ്പുകൾ, ഐടിഐ സന്ദർശനങ്ങൾ, സോഷ്യൽ റെസ്പോൺസിബിലിറ്റി ക്യാംപുകൾ, വ്യാവസായിക സന്ദർശനങ്ങൾ, ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ www.tplc.gecbh.ac.in, www.gecbh.ac.in, www.ecoloop360.com, www.alphavogue.org, www.nestabide.com എന്നിവയിൽ ലഭിക്കും
മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം. 15800 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് വൈകുന്നേരം 3 ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ചീഫ് എൻജിനിയർക്കെതിരെ വിജിലൻസ് അന്വേഷണം: മുഖ്യമന്ത്രി അംഗീകരിച്ചു
കെ.എസ്.ആർ.റ്റി.സി.യുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്‌പെൻഷനിലായ കെ.എസ്.ആർ.റ്റി.സി. സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.
പുഷ്പാർച്ചന നടത്തി
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനത്തിൽ നിയമസഭ സമുച്ചയത്തിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ നിയമസഭ സ്പീക്കർ പുഷ്പാർച്ചന നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാർ, നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ജൈവകൃഷിയും വിപണനവും സംബന്ധിച്ച സർവേയ്ക്കു തുടക്കം
ജൈവകൃഷിയും വിപണനവും സംബന്ധിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന സർവേയ്ക്കു തുടക്കമായി. ജൈവകൃഷിരീതികൾ, ഉല്പാദനം, വിപണനം, സംഭരണം, കൃഷിച്ചെലവ്, വരുമാനം, കയറ്റുമതി, സർട്ടിഫിക്കേഷൻ, ജൈവകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ, അവർക്ക് ലഭ്യമാകുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സർവേയുടെ ഭാഗമായി ശേഖരിക്കും.
കൃഷി ചെയ്യുന്ന വിളകൾ, മണ്ണ് പരിശോധന, മണ്ണിന്റെ രാസസ്വഭാവ ഘടകങ്ങൾ, സസ്യപോഷണ മൂലകങ്ങളുടെ അളവ്, കൃഷിയിടത്തെയും വിളകളെയും ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും, അവയെ നിയന്ത്രിക്കുന്നതിനവലംബിക്കുന്ന മാർഗങ്ങൾ എന്നിവ കർഷകരിൽ നിന്നും ലഭിക്കുന്നതിനു വേണ്ട രീതിയിലാണ് ശാസ്ത്രീയമായി സർവേയുടെ ചോദ്യാവലി രൂപകല്പന ചെയ്തിട്ടുള്ളത്. വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥരാണു സർവേ നടത്തുന്നത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ രണ്ട് മാസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യം.
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമക്യ സൊസൈറ്റി മുഖേന, തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്യൂ/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപയാണ് വേതനം.
കെയർ ടേക്കർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. പ്ലസ് ടു/ പ്രിഡിഗ്രി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപയാണ് വേതനം.
നഴ്‌സിംഗ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 24,520 രൂപയാണ് വേതനം.
ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്‌സി ഇൻ ഫുഡ് ആന്റ് ന്യൂട്രിഷൻ/ പി.ജി ഡിപ്ലോമ ഇൻ നുട്രിഷൻ ആന്റ് ഡയറ്റീസ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. ഒരു സിറ്റിംഗിന് 1000 രൂപയാണ് വേതനം.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 16 ന് വൈകുന്നേരം അഞ്ചിന്് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട് കരമന പി.ഒ, തിരുവനന്തപുരം. ഇമെയിൽ: spdkeralamss@gmail.com
സൗജന്യ ഇ – ശ്രം രജിസ്ട്രേഷന്‍ ക്യാമ്പ് ഇന്ന്
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുളള ‘ഇ – ശ്രം’ സൗജന്യ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്ട്രേഷന്‍ ക്യാമ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെയും സി.എസ്.സി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 10) ഫറോക്ക് റയില്‍വേ സ്റ്റേഷന് സമീപത്തുളള ഫറോക്ക് കോ ഓപ്പറേറ്റീവ് സ്സോര്‍ ബില്‍ഡിംഗില്‍ 10 മണി മുതല്‍ നാല് മണി വരെ നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇ – ശ്രം പോര്‍ട്ടല്‍ വഴി മോട്ടോര്‍ തൊഴിലാളികളുടെ വിവര ശേഖരണം
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ദേശീയതലത്തില്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഇ – ശ്രം പോര്‍ട്ടല്‍ വഴിയാണ് വിവര ശേഖരണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആദായ നികുതി അടക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ.യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതില്‍ ചേര്‍ക്കുക. 16നും 59നും ഇടയില്‍ പ്രായമുളള അര്‍ഹതപ്പെട്ട എല്ലാ മോട്ടോര്‍ തൊഴിലാളികളും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ജില്ലാ എക്സിക്യുട്ടീവ് ആഫീസുകളില്‍ നിന്നും ഇതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇ – ശ്രം പോര്‍ട്ടലായ www.eshram.gov.in വഴിയോ അക്ഷയ കേന്ദ്രം വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ ഫീമെയില്‍ വാര്‍ഡന്‍ (കാറ്റഗറി നമ്പര്‍: 295/14) തസ്തികയുടെ 412/18 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ആടു വളര്‍ത്തലില്‍ പരിശീലനം 11ന്
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടു വളര്‍ത്തലില്‍ നവംബര്‍ 11ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ പരിശീലനം നടത്തുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 നമ്പറിലേക്ക് വിളിച്ച് മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
മനുഷ്യാവകാശകമ്മീഷന്‍ ശില്‍പശാല ഇന്ന്
മനുഷ്യാവകാശകമ്മീഷനും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ശില്‍പശാല ഇന്ന് (നവംബര്‍ 10) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
കോവിഡ് ആശുപത്രികളിൽ 1,916 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,646 കിടക്കകളിൽ 1,916 എണ്ണം ഒഴിവുണ്ട്. 114 ഐ.സി.യു കിടക്കകളും 64 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 551 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 350 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 277 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
നാല് സി.എഫ്.എൽ.ടി.സികളിലായി 325 കിടക്കകളിൽ 305 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 155 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്
സീറ്റ് ഒഴിവ്
കട്ടപ്പന ഗവ.ഐ.ടി. ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ ഒഴിവുളള ഏതനും സീറ്റുകളില്‍ അഡ്മിഷന്‍ നേടുവാന്‍ താല്‍പര്യമുളള അപേക്ഷകര്‍ നവംബര്‍ 10 ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. അപേക്ഷ ഫീസ് 100 രൂപ അഡ്മിഷന്‍ ഫീസ് & പി.റ്റി. എ ഫണ്ട്- 1950 രൂപ എന്നിവയ്ക്കൊപ്പം എസ്.എസ്.എല്‍.സി.സി., +2 ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി/ഒ.ഇ.സി. മാത്രം) എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍- 04868272216

