ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം. സഭാ മാനേജരായ ഫാ.സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നുണ്ടായതെന്നും സേവ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വൈദികന്റെ ക്രമക്കേട് മൂലം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം സഭയുടേതല്ല. ബിഷപ്പുമാരും മെത്രാപ്പൊലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണ്. സിജോ പന്തപ്പള്ളിയുടെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ ചുമതലകളില്‍ നിന്നും നീക്കം ചെയ്യണമെന്നും സേവ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്ന് സംഭാവനയായി ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തില്‍ നിന്ന് ഒരു ഭാഗം റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ മേഖലകളിലേക്ക് വകമാറ്റിയെന്നും വ്യക്തമായി. പരിശോധനയില്‍ പതിനാലര കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. നിരോധിത നോട്ടുകളടക്കമാണിത്.
ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് ഏഴുകോടിരൂപയോളം കണ്ടെടുത്തത്. ശേഷിക്കുന്നവ ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുകളുടെ പേരില്‍ ബിലീവേഴ്‌സിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിരുന്നു. 2016 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് റദ്ദാക്കിയത്. തുടര്‍ന്ന് ട്രസ്റ്റുകള്‍ രൂപീകരിച്ച് രജിസ്‌ട്രേഷന്‍ നേടാന്‍ ശ്രമവും നടത്തി. അതിനിടെ അമേരിക്കന്‍ ഭരണകൂടം ബിലീവേഴ്‌സ് ചര്‍ച്ചിന് 200 കോടി രൂപ പിഴയിട്ടതായും ആദായനികുതി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.