തോക്ക് പിടിച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സൗരഭ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. സുഹൃത്തുമൊത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.’നിറത്തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് ഒരാള്‍ക്ക് പരിക്കേറ്റു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. ചികിത്സയിലിരിക്കെ അയാള്‍ മരിക്കുകയും ചെയ്തു. ഇതൊരു അപകടമരണമാണ്’ എന്നാണ് ഗൗതം ബുദ്ധനഗര്‍ എഡിസിപി അങ്കുര്‍ അഗര്‍വാള്‍ അറിയിച്ചത്.
മരിച്ച സൗരഭും സുഹൃത്തായ നകുലും ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിന് പോകുന്നതിനായി മറ്റൊരു സുഹൃത്തിനെ ഒപ്പം കൂട്ടാനാണ് കാറില്‍ പുറപ്പെട്ടത്. പകുതി വഴിയ്ക്ക് വാഹനം നിര്‍ത്തിയ സൗരഭ് ഒരു തോക്ക് പുറത്തെടുത്ത് അതും കയ്യിലേന്തി സെല്‍ഫിയെടുക്കാന്‍ ആരംഭിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് നിറത്തോക്കാണെന്ന കാര്യം യുവാവിന് അറിയുമായിരുന്നില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. തോക്കിന്റെ സേഫ്റ്റി വാല്‍വും ഓപ്പണ്‍ ആയിരുന്നതിനാല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചിന് സമീപത്തായി വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇയാളുടെ സുഹൃത്തായ നകുലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. അപകടമരണമാണെന്നും അസ്വാഭാവികമായി ഒന്നും ഇല്ലെന്നുമാണ് പൊലീസ് അറിയിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ഒരു പ്രോപ്പര്‍ട്ടി ഇടപാടുകാരനാണ് സൗരഭിന്റെ അച്ഛന്റെ. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. തോക്ക് സൗരഭിന്റെ പക്കല്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.