
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശം. വിഷയത്തില്‍ വിജിലന്‍സ് എസ്.പി യോട് പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറിന്റെതാണ് ഉത്തരവ്. 1,626,0000 രൂപ മുടക്കി കോഴിക്കോട് നിര്‍മിച്ച വീടാണ് ഷാജിക്കെതിരേയുള്ള കുരുക്ക്. ഇത്രയും പണം മുടക്കാന്‍ ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുക.
അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇഡി ഇന്ന് കെഎം ഷാജിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട്ടെ ഇഡി ഓഫീസിലാണ് നടപടി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ മൊഴി നല്‍കാന്‍ ഹാജരായത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിക്ക് പിന്നാലെയാണ് ഷാജിക്കെതിരേ ഇഡി അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം കണ്ടെത്തിയതോടെ വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു.