തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി ആക്ഷന്‍ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും തിരുവഞ്ചൂര്‍ പറയുന്നു. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
പൂര ദിവസം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ കുത്തിനിറച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ ജനത്തെ ശത്രുവിനെ പോലെ കാണുകയും അവരെ കൈകാര്യം ചെയ്യുകയും ചെയ്തു.
ഒരു അനുഭവ പരിചയവുമില്ലാത്ത ആളെ കമ്മീഷണര്‍ ആയി വച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. അങ്കിത് അശോകന്‍ ജൂനിയര്‍ ഓഫീസറെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകന്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവര്‍ എന്നും ചോദിച്ചു. സീനിയര്‍ ഉദ്യോഗസ്ഥന്‍ സ്ഥലത്തു ഉണ്ടായിരുന്നു . എന്നിട്ടും എല്ലാം അങ്കിത് അശോകന്റെ തലയില്‍ വെച്ചു. തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
അജിത്കുമാറിന് ഹിഡന്‍ അജണ്ട ഉണ്ടായിരുന്നുവെന്ന ആരോപണവും ഉന്നയിച്ചു. രണ്ടു മന്ത്രിമാര്‍ പൂരം നടത്തിപ്പിനുണ്ടായിരുന്നു.അവര്‍ക്ക് പൂരം കലക്കിയപ്പോള്‍ സംഭവ സ്ഥലത്തു എത്താന്‍ കഴിഞ്ഞില്ല. മന്ത്രി കെ. രാജന്‍, മന്ത്രി ബിന്ദു എന്നിവര്‍ക്ക് പൂരം കലങ്ങിയപ്പോള്‍ സ്ഥലത്തേക്ക് എത്താന്‍ പോലും കഴിഞ്ഞില്ല. പക്ഷേ സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു. സുരേഷ് ഗോപിയെ രക്ഷകന്‍ എന്നു വരുത്തി തീര്‍ത്തു തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത്. കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്.