മുംബൈ:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ എണ്ണവിലയിൽ കുതിപ്പ്. സംഘർഷം മുന്നോട്ട് പോയാൽ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന് കാരണം. ആക്രമണമുണ്ടായതിന് പിന്നാലെ ക്രൂഡ് വില ബാരലിന് അഞ്ച് ശതമാനത്തോളം ഉയർന്നു.വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 87 ഡോളർ നിലവാരത്തിലാണ്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
യുദ്ധം രുക്ഷമായാൽ ഹോർമൂസ് കടലിടുക്ക് നിർണായക ഇടമാകാനും വിതരണ ശൃംഖലയെ ബാധിക്കാനും ഇടയുണ്ട്. ഒരോദിവസവും ശരാശരി 17 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇതുവഴി കൊണ്ടുപോകുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്തെ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. നിക്ഷേപകരുടെ ആസ്തിയിൽ നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയിൽനിന്ന് 316 കോടിയായി.
സെൻസെക്‌സിൽ 469 പോയന്റ് നഷ്ടത്തിൽ 65,525ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.