കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന ആവിശ്യവുമായ് പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളിലാണ് പ്രമേയം പാസാക്കിയത്. ഡിസിസിയ്ക്കും എഐസിസിക്കും കെ പി സിസിക്കും പ്രമേയം അയച്ചു. പാലായിലെ തരൂർ അനുകൂല ഫ്ളക്സിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ പ്രമേയം.
കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിരുന്നത്. എന്നാൽ ആരുടെയും പേര് ചേർത്തല്ല പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്.
പിന്നാലെ എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസ് വ്യക്തമാക്കിയിരുന്നു. ശശി തരൂർ വിജയിക്കണമെന്നാണ് കോൺഗ്രസിലെ യുവജനങ്ങളും ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫ്ലക്സ് ബോർഡിന് പിന്നിൽ കോൺഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുപടി ശശി തരൂരിനെയാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാന തട്ടകമാണ് പാലയെന്നതും ശ്രദ്ധേയമാണ്.