മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്റെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്തു തല്ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
ഓണക്കാലം കഴിയുംവരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കും.
അതേസമയമാ റോഡുകളില്‍ മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി. സമീപകാലത്തുണ്ടായ പല പ്രധാന വാഹനാപകടങ്ങളിലും തെളിവു കണ്ടെത്താന്‍ ക്യാമറകള്‍ സഹായകമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്യാമറകള്‍ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനമായി.

