പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയാണെന്നും കേരളത്തിനായി, ഉമ്മൻ ചാണ്ടിക്കായി, ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു . എന്നാൽ പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഉമ്മൻചാണ്ടിക്കെതിരായ സി പി ഐ എം വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മർദ്ദമാണ്. സൂര്യനായിരുന്നു ഉമ്മൻചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താൻ. താൻ പിൻഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയവും ചർച്ചയാവുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത്ര വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന നിലയിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.