മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കവേണ്ടെന്ന് കേരളത്തിനോട് തമിഴ്നാട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം കൊണ്ടും അണക്കെട്ട് സുരക്ഷിതമാണെന്നും കത്തില്‍ പറയുന്നു.
അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.
ഓഗസ്റ്റ് നാലിന് അണക്കെട്ടിലെ ജലനിരപ്പ് 136 സെന്റീമീറ്റര്‍ ആയിരുന്നു. ഇതോടെ 7.40ന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരം സര്‍ക്കാരിനെയും, ഇടുക്കി ജില്ലാ കളക്ടറെയും അറിയിച്ചു. ഇത് പ്രകാരം അഞ്ചാം തിയതി ഉച്ചയ്ക്ക് ഷട്ടറുകള്‍ തുറന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ എന്നും തങ്ങളുടെ അണക്കെട്ട് സുരക്ഷാ അധികൃതര്‍ ശ്രദ്ധാലുക്കളാണ്. ഇവര്‍ അടിക്കടി സ്ഥിതിഗതികള്‍ കേരളത്തെ അറിയിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്.