അയല്‍ക്കാരിയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ബിജെപി കിസാന്‍മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. ഒളിവില്‍ പോയ ഇയാളെ മീററ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടയില്‍ ശ്രീകാന്ത് ത്യാഗി, സ്ത്രീയെ കയ്യേറ്റം ചെയ്‌തെന്നും അപമാനിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ശ്രീകാന്ത് ത്യാഗിയുടെ കൂട്ടാളികള്‍ ഹൗസിങ് സൊസൈറ്റിയില്‍ പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റം ഇന്നലെ ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു. അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ശ്രീകാന്ത് അയല്‍വാസിയായ സ്ത്രീയോട് അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായിരുന്നു പൊലീസിനെ നടപടിക്ക് പ്രേരിപ്പിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ശ്രീകാന്ത് ത്യാഗി ഒളിവില്‍ പോയിരുന്നു. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് ശ്രീകാന്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഭാര്യയെ പൊലീസ് കൂട്ടിക്കൊണ്ടുപോയത്.