വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം.മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഇവരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ശിവജിയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
കോടതിയില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായിരുന്നു.അവര്‍ തിരിച്ചിറങ്ങുന്ന പടം എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകര്‍ ശിവജിയുടെ കൈയില്‍ നിന്ന് ക്യാമറയും അക്രഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങുകയായിരുന്നു. ഫോട്ടോ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു.സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു.