പത്തനംതിട്ട തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം.വൃദ്ധനും പ്രദേശത്തെ ചിലരുമായി തുടരുന്ന ചില തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് നോക്കിനില്‍ക്കേയാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും ചേര്‍ന്ന് എഴുപത്തൊന്നുകാരനെ വെട്ടിയത്. സി.പി.ഐ.എം അംഗമാണ് പഞ്ചായത്ത് പ്രസിഡന്റ്.അര്‍ദ്ധരാത്രി 11.30 ഓടെയായിരുന്നു സംഭവം. വൃദ്ധന്റെ വീട്ടിലെത്തിയ സംഘം ഇയാളുടെ വീടിന്റെ മതില്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിനകത്തു കയറി ഇയാളെ വെട്ടിയത്. .
തങ്ങളുടെ വീട്ടില്‍ നിന്നും അഞ്ചു വീട് അകലെയുള്ള ഒരു വീട്ടിലേക്ക് വഴി ചോദിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമോ മറ്റും ഉണ്ടായിരുന്നില്ല. അയല്‍വീട്ടില്‍ നാളെ വിവാഹം ഉണ്ടായിരുന്നു.. രാത്രിയോടെ തങ്ങളുടെ വീടിനു മുന്നില്‍ ഒരു അജ്ഞാത വാഹനം വന്നിരുന്നു. അയല്‍വീട്ടില്‍ വന്നതായിരിക്കാമെന്ന് ആദ്യം കരുതി. കാറില്‍ മാരകായുധങ്ങള്‍ കണ്ടതോടെ വിവാഹ വീട്ടില്‍ മോഷണത്തിന് എത്തിയതാണെന്ന് കരുതി അവരെയും അയല്‍വാസിയായ പോലീസുകാരനേയും വിവരം അറിയിച്ചു. അയല്‍വാസികള്‍ തിരിക്കിയപ്പോള്‍ വഴിതര്‍ക്കം ഉള്ള വീട്ടില്‍ വന്നതാണെന്ന് അറിയിച്ചു.
തങ്ങള്‍ ഉറങ്ങാന്‍ കിടന്നശേഷമാണ് ജെ.സി.ബി അടക്കമുള്ള വാഹനങ്ങളുമായി ഒരു സംഘം എത്തി മതില്‍ പൊളിച്ചത്. ഈ സമയം പ്രദേശത്തേക്കുള്ള വൈദ്യൂതി ബന്ധവും വിച്ഛേദിച്ചിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ മതില്‍പൊളിക്കുന്നതാണ് കണ്ടത്. നിരവധി വാഹനങ്ങളും വന്നിരുന്നു. ഗേറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. ബഹളം വച്ചപ്പോള്‍ വീട്ടിലേക്ക് നാടന്‍ ബോംബെന്ന് തോന്നിക്കുന്ന വസ്തു എറിഞ്ഞു. അത് പൊട്ടിയാണ് മരുമകള്‍ക്ക് പരിക്കേറ്റത്. പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും സംഘം വഴിവെട്ടിക്കഴിഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
അയല്‍വാസികള്‍ക്ക് മൂന്നടി വീതിയില്‍ വഴി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലടി സ്ഥലം നല്‍കിയിട്ടാണ് മതില്‍ പണിതതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വഴിക്ക് വീതി കൂട്ടി നല്‍കണമെന്ന് പറഞ്ഞ് വീണ്ടും തര്‍ക്കമുന്നയിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
തനിക്ക് ഈ വിവരത്തെ കുറിച്ച് അറിവില്ലെന്നും പോലീസ് എത്തിയ ശേഷമാണ് സ്ഥലത്ത് എത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു പറയുന്നു. തനിക്ക് പരിചയമില്ലാത്ത ആളുകളാണ് അവിടെ വന്നിരിക്കുന്നത്. പ്രശ്‌നമുണ്ടെന്ന് പറഞ്ഞിട്ടാണ് താന്‍ ചെന്നതെന്നും സഞ്ജു പറയുന്നു.
എന്നാല്‍ തുടക്കം മുതല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വീട്ടുടമയുടെ മകന്‍ പറയുന്നു. തിരിച്ചറിയാവുന്ന മൂന്നു പേര്‍ സി.പി.എം പ്രവര്‍ത്തകര്‍. സ്ഥലത്തുനിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. മാരകായുധങ്ങളുമായി എത്തിയ 25 ഓളം പേരാണ് ആക്രമിച്ചതെന്നും മകന്‍ പറയുന്നൂ.