ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമ സഭയിൽ . ഇക്കാര്യം കണക്കുകള്‍ നിരത്തിയാണ് മന്ത്രി വ്യക്തമാക്കിയത്. കേന്ദ്ര അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുമെന്നും ഘട്ടംഘട്ടമായാകും വിദ്യാലയങ്ങള്‍ തുറക്കുക മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും തീരുമാനം അനുസരിച്ചാകും തുറക്കുക എന്നും മന്ത്രി അറിയിച്ചു
ഓണ്‍ലൈന്‍ പഠനം മൂലം 36 ശതമാനം പേര്‍ക്ക് തലവേദനയാണ്. 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്‌നങ്ങളുണ്ട്. എസ് സി ഇആര്‍ടിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ആദ്യം വേണ്ടത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേന്ദ്രനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തന്നെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളികള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ഓണ്‍ലൈന്‍ ആയാണ് പഠനം നടത്തുന്നത്. അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം പരിഗണിച്ച്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദ്യാലയങ്ങള്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ അടുത്തുതന്നെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ പഠന രീതികളില്‍ നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുസ്തകവുമായി അകല്‍ച്ച കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം അധ്യാപകര്‍ക്കുമുള്ളത്. സ്‌കൂള്‍ തുറക്കുന്നതിലേക്ക് തന്നെ ചര്‍ച്ച പോകേണ്ടി വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.