ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്കിയാല് വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന മേഖലയുള്‍പ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പരിമിതിയാണ്.

