ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന്‍ രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്. മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനു നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ്, മകളാണ് കൃത്യത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞു.
അപര്‍ണയും രാജ്വീറും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് എതിര്‍ത്തു. മകളുമായുള്ള അടുപ്പത്തിന്റെ പേരില്‍ രാജ്വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. ഇതിനിടെ മകള്‍ക്ക് വിവാഹാലോചനകളും കനയ്യസിങ് നടത്തുന്നുണ്ടായിരുന്നു.
വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു. കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. പണം കണ്ടെത്തുന്നതിനായി അപര്‍ണ വജ്രമോതിരവും രാജ്വീര്‍ സിങ്ങിന് നല്‍കി. രാജ്വീര്‍ ഈ മോതിരം വില്‍ക്കാതെ തന്നെ പണം കണ്ടെത്തി ക്വട്ടേഷന്‍ സംഘത്തിനു നല്‍കി.
കനയ്യ പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപര്‍ണ ക്വട്ടേഷന്‍ സംഘത്തിനു വിവരം നല്‍കിയിരുന്നു. കൊലപാതകത്തിനായി നടത്തിയ ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചുതന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ പല സ്ഥലത്തായി ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. അപര്‍ണ നല്‍കിയ വജ്രമോതിരവും പണവും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

