എ.കെ.ജി. സെന്ററിന് നേരേ ആക്രമണം നടന്ന് പത്തുദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്.അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെ കേന്ദ്രീകരിച്ചും സ്ഥലത്തെ മൊബൈല്‍ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. എകെജി സെന്റര്‍ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ട തിരുവനന്തപുരം സ്വദേശികളാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിയോ സ്‌കൂട്ടറിലാണ് അക്രമി വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. അതിനിടെ, നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ രേഖാചിത്രം വരയ്ക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. സാങ്കേതിക സഹായത്തോടെ സിസിടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി രേഖാചിത്രം വരയ്ക്കാനാണ് ശ്രമം.ജൂണ്‍ 30-ാം തീയതി രാത്രി 11.25-ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരേ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ഒരാള്‍ മതിലിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് അല്ലെന്നും ഏറുപടക്കം പോലെയുള്ള വസ്തുവാണെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.