
കുന്നമംഗലം : ഡിപ്ലോമാറ്റിക് പാഴ്‌സൽ വഴി സ്വർണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പറഞ്ഞു. വെൽഫെയർ പാർട്ടി കുന്നമംഗലത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളക്കടത്ത് സംഘങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾക്കൊള്ളുന്ന അവിശുദ്ധ സഖ്യമാണ് സ്വർണ്ണക്കടത്ത് കേസിലൂടെ വെളിവായിരിക്കുന്നത്. കള്ളക്കടത്ത് സംഘാംഗം തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജീവനക്കാരിയായത് പ്രശ്നത്തിന്റെ ഗൗരവം വർധിക്കുകയാണ്. ഇത്തരം ഒരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലീം മേലേടത്ത്, ഇൻസാഫ് പതിമംഗലം, പി.പി. മജീദ്, എൻ.കെ. മൻസൂർ, പി. നദീം തുടങ്ങിയവർ നേതൃത്വം നൽകി.

