ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നല്‍കിയതെന്ന് ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.
ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. പൊലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും ഇന്നലെ കേടതിയില്‍ പറഞ്ഞത്.
2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്‍റെ സഹോദരി സരസു ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിന്‍റെ അമ്മ മല്ലി പറഞ്ഞു. കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിന്‍റെ കുടുംബം പറഞ്ഞിരുന്നു.