സ്വപ്ന സുരേഷിനെ തനിക്ക് അറിയാമെന്ന് സമ്മതിച്ച് ഷാജ് കിരണ്‍. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി തനിക്ക് ബന്ധമില്ലെന്ന് ഷാജ് കിരണ്‍ വ്യക്തമാക്കി. സ്വപ്ന സുരേഷിനെ തനിക്ക് അറുപത് ദിവസങ്ങളായിട്ട് അറിയാമെന്നും നിരന്തരമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷാജ് മാധ്യമങ്ങളോട് സംസാരിച്ചത്.
‘മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല. കോണ്‍ഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഞാന്‍ ഒരു മുന്‍ മാദ്ധമപ്രവര്‍ത്തകനാണ്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രം. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അവരെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെയൊരു ഉപദേശം നല്‍കിയത്. ഞാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ഉണ്ടെങ്കില്‍ പുറത്തുവിടട്ടെ. 32,000 രൂപ മാത്രമാണ് എന്റെ അക്കൗണ്ടില്‍ ഉള്ളത്. കെ.പി.യോഹന്നാന്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ല. സ്വപ്നയുടെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ ഇന്നലെ പോയിരുന്നു. പോയ വാഹനം എന്റെയല്ല. ഒരു സുഹൃത്തിന്റെ പേരിലുള്ളതാണ് വാഹനം. ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്ന് മാത്രം. ഞാന്‍ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഷാജി കിരണ്‍ എന്നത് സുഹൃത്തുക്കള്‍ വിളിക്കുന്ന പേരാണ്’- ഷാജ് കിരണ്‍ പറഞ്ഞു.