ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു. ഗുജറാത്തിലെ വഡോദരയില്‍ ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകള്‍. വിവാഹച്ചിത്രങ്ങള്‍ ക്ഷമ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു.
വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് രംഗത്ത് വന്നതോടെ വീട്ടില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിന്‍മാറി. ഇതോടെ വിവാഹ ചടങ്ങുകളെല്ലാം യുവതി ഒറ്റയ്ക്ക് തന്നെ ചെയ്തു.
ചുവന്ന സാരിയില്‍, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ വേദിയിലെത്തിയത്. മെഹന്ദി, ഹല്‍ദി തുടങ്ങിയ എല്ലാ ചടങ്ങുകളോടെയും കൂടിയാണ് വിവാഹിതയായത്. നേരത്തെ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് വേദി മാറ്റി. വിവാഹത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എനിക്ക് സന്ദേശമയയ്ക്കുകയും എന്നെ അഭിനന്ദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
‘സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്‌നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കള്‍ തുറന്ന മനസ്സുള്ളവരാണെന്നും അവര്‍ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍തന്റെ വിവാഹം നടത്താനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഹണിമൂണ്‍ യാത്ര ഗോവയിലേക്കാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 24 കാരിയായ ക്ഷമ ബിന്ദു.