നയതന്ത്ര പ്രതിസന്ധികൾക്കിടെ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ചയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് മന്ത്രി എത്തിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാലദ്വീപ് മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന്ന്നും വിദേശകാര്യ മന്ത്രി സമീറിൻ്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മെയ് മൂന്നിന് ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി ഉന്നതതല യോഗം നടത്തിയിരുന്നു.മെയ് 10 നകം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്ന നടപടി അവലോകനം ചെയ്തു. പുറമെ, വികസനവും പ്രതിരോധ സഹകരണവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. മെയ് 10 നകം അവസാനത്തെ സൈനികരെയും ഇന്ത്യ പിൻവലിക്കുമെന്ന് ഉറപ്പ് നൽകി. ഉന്നതല സംഘത്തിന്റെ അഞ്ചാമത്തെ യോഗം ജൂൺ, ജൂലൈ മാസങ്ങളിൽ മാലിയിൽ നടത്താനും ധാരണയായി. മാലിദ്വീപിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന് പകരം സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിച്ചതായി കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യൻ വിനോദസഞ്ചാരികളിൽ 42 ശതമാനം കുറവാണ് ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറയുന്നതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ പറഞ്ഞു. ടൂറിസമാണ് മാലദ്വീപിന്റെ വരുമാനമെന്നും ഇന്ത്യൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യ ആറാമതായി. അതേസമയം, ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളു വരവിലെ കുറവ് വരുമാനത്തെയും ബാധിച്ചു.