തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച 2019 നും 2020 നും ഇടയിൽ പാർലമെന്റ് പാസാക്കിയ നാല് ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സ്തംഭിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇവ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല.
മുമ്പ് രാജ്യത്തുണ്ടായിരുന്ന 29 തൊഴിൽനിയമങ്ങൾക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ 2019, 2020 വർഷങ്ങളിലായി പാർലമെന്റിൽ പാസാക്കിയിരുന്നു. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച നിയമം, വേതന നിയമം എന്നിവയാണ് നാല് ലേബർ കോഡുകൾ.
ഇത് തൊഴിലാളി വിരുദ്ധവുമാണെന്ന് വിമർശകർ പറയുന്നത്. അതേസമയം വളർച്ചയും തൊഴിലവസരവും വർദ്ധിപ്പിക്കുമെന്ന് സ്വതന്ത്ര തൊഴിൽ നയങ്ങൾ ആവശ്യപ്പെടുന്നവർ പറയുന്നു. ജോലിസമയം വർധിപ്പിക്കുന്നതും യൂണിയനുകളുടെ പ്രവർത്തനത്തിനു നിയന്ത്രണം കൊണ്ടുവരുന്നതുമടക്കം ലേബർ കോഡുകളിലെ പല വ്യവസ്ഥകളും തൊഴിലാളിവിരുദ്ധമാണെന്നാണ് തൊഴിലാളിസംഘടനകളുടെ നിലപാട്. സംഘപരിവാറിന്റെ തൊഴിലാളി സംഘടനായ ബിഎംഎസ് അടക്കമുള്ള യൂണിയനുകൾ ലേബർ കോഡുകളെ എതിർക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങളിലൊന്നാണ് കോഡുകളോ നിയമങ്ങളോ പ്രതിനിധീകരിക്കുന്നത്. കർഷക സമരം കാരണം 2021-ൽ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതുപോലെ, തൊഴിലാളി സമരം കാരണം ലേബർ കോഡുകൾ പിൻവലിക്കേണ്ടിവരുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.