അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളെ പൂട്ടാനൊരുങ്ങി ദേശീയ സുരക്ഷാ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് എന്‍.ഐ.എ.യുടെ റെയ്ഡ് നടത്തിയത്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് എന്‍ ഐ എയുടെ പരിശോധന നടന്നത്.
ദാവൂദിന്റെ സംഘവുമായി ബന്ധമുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, മറ്റ് പ്രധാനികള്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡുകള്‍ നടക്കുന്നത്.
ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും ചില സുപ്രധാന രേഖകള്‍ സലീംഫ്രൂട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ദാവൂദിന്റെ ഡി-കമ്പനിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍.ഐ.എ. കേസെടുത്തിരുന്നു. ഡി കമ്പനിയ്‌ക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്.
രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദ പ്രവൃത്തികളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. യു.എ.പി.എ. നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍ മിക്ക പ്രതികളും നിലവില്‍ വിദേശത്താണ്.
ദാവൂദിന് പുറമേ അധോലോക കുറ്റവാളികളായ ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്‌ന, ടൈഗര്‍ മേനോന്‍, ഇഖ്ബാല്‍ മിര്‍ച്ചി, ഹസീന പാര്‍ക്കര്‍ തുടങ്ങിയവരും എന്‍ ഐ എയുടെ നിരീക്ഷണ വലയത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.