ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയൊരു ഓക്സിജൻ പ്ലാൻറ് കൂടി സ്ഥാപിച്ചു. പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നാണ് 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ് മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് സ്ഥാപിച്ചത്.ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്.
രോഗികളുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് പുതിയ പ്ലാന്‍റ് സ്ഥാപിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ് മാറ്റി സ്ഥാപിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 40 അടി നീളമുള്ള പ്ലാൻറ് മെഡിക്കൽ കോളജിൽ സ്ഥാപിക്കുന്ന ജോലി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് ഉച്ചയോടെ പൂർത്തിയായി. ഓക്സിജൻ പ്ലാൻറ് നിർമാതാക്കളുടെ സാങ്കേതിക പിന്തുണയും ഉണ്ടായിരുന്നു.