
തമിഴ്നാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്റർജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്.2024 മെയ് 21 ന് കോയമ്പത്തൂരിലെ ജിഎൻ മിൽസ് ഏരിയയിലെ തന്‍റെ വസതിയിൽ വെച്ചാണ് ജെബരാജ് 17 ഉം 14 ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചത്. 17കാരി പാസ്റ്ററുടെ ഭാര്യാപിതാവ് ദത്തെടുത്ത അനാഥയായ കുട്ടിയായിരുന്നു. 14 കാരി അയൽവാസിയും. കഴിഞ്ഞ വർഷം ജോണിന്‍റെ വീട്ടിൽ ഒരു പാർട്ടിക്ക് പോയപ്പോഴാണ് രണ്ട് പെൺകുട്ടികളെയും ഉപദ്രവിച്ചത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പാസ്റ്റര്‍ ഭീഷണിപ്പെടുത്തി.പതിനാലുകാരിയായ പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാർച്ചിൽ അവർ കോയമ്പത്തൂർ സെൻട്രൽ വുമൺ പൊലീസിനെ സമീപിച്ചു. മാർച്ച് 21 മുതൽ ജോൺ ഒളിവിലാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാർച്ച് 31 ന് ചെന്നൈയിൽ നടക്കുന്ന അദ്ദേഹത്തിന്‍റെ അടുത്ത പ്രാർഥനാ പരിപാടിയുടെ പോസ്റ്റർ പോസ്റ്റ് പങ്കുവച്ചിരുന്നു. ഒളിവിൽ കഴിയുന്ന ജോൺ ജെബരാജിനെ പിടികൂടാൻ ജില്ലാ പൊലീസ് ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചു.സുവിശേഷ പ്രഘോഷകനായ ജോൾ സോഷ്യൽമീഡിയയിലും സജീവമാണ്. യുട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സഭയുടെ പരിപാടികളുടെയും പ്രാര്‍ഥനകളുടെയും വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്.