വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു- റമദാന്‍ ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണ്.നികുതി ഭീകരതയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.