താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെണ്‍കുട്ടി പറയാന്‍ തയ്യാറായത് വലിയ മാറ്റമാണെന്ന്
താരസംഘടനയായ ‘അമ്മ’യുടെ വനിതാദിന പരിപാടിക്കിടെ നടി ഭാവനയുടെ തുറന്നുപറച്ചില്‍ പരാമര്‍ശിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവേയാണ് കെ കെ ശൈലജയുടെ പ്രതികരണം.
‘എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണം. സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയ്യാറാകണം. പരാതി പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടനടി പറയണം.’ ശൈലജ പറഞ്ഞു.
കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആ സമയത്ത് ഒപ്പം നില്‍ക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണ്. ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല. അതൊക്കെ പിന്നീട് നോക്കിയാല്‍ മതിയെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലൂരിലുള്ള ‘അമ്മ’ ഓഫീസില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ ശ്രീലേഖ, ഷബാനിയ അജ്മല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നടിമാരെ ആദരിച്ചു. പോഷ് ആക്ടിനേക്കുറിച്ച് (തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയാനുള്ള നിയമം) അഭിഭാഷക ടീന ചെറിയാന്‍ സംസാരിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാൽ വനിതകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.