മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിൽ ഇറങ്ങുമോ? തെരെഞ്ഞെടുപ്പ് ചൂടിലമർന്ന പശ്ചിമ ബംഗാളിൽ നിന്നുയരുന്ന ഒരു ചോദ്യമാണിത്.
കൊൽക്കത്തയുടെ സ്വന്തം ദാദയെ കളത്തിലിറക്കാൻ ഭരണകക്ഷിയായ തൃണൂൽ കോൺഗ്രസും ഭരണം പിടിക്കാൻ സകല അടവും പയറ്റുന്ന ബി.ജെ.പിയും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. ബി ജെ പി പി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ദാദ എന്ന് വരെ ശ്രുതി പരന്നിരുന്നു.
എന്നാൽ, ഈ അഭ്യൂഹങ്ങളോടെല്ലാം നാളിതുവരെ പിടികൊടുക്കാതെ നടക്കുകയായിരുന്നു ഗാംഗുലി. ഇപ്പോഴിതാ സംസ്ഥാനത്ത് തിരഞ്ഞടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിൽ റിപ്പബ്ലിക് ടിവിയിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിലും രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാതെ തടി തപ്പിയിരിക്കുകയാണ് ദാദ.
‘രാഷ്ട്രീയം എങ്ങനെ മോശമാവും. നല്ല ആൾക്കാർ തീർച്ചയായും രാഷ്ട്രീയത്തിൽ പ്രവേശിക്കണം. കാരണം അവരാണ് നമ്മുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്. ധൃതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ആളല്ല ഞാൻ. വേണ്ടത്ര ആലോചിച്ചേ ഞാൻ എന്തും ചെയ്യാറുള്ളൂ’-രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് ഗാംഗുലി മറുപടി നൽകി.
‘ജീവിതം നമുക്ക് വേണ്ടി പലതും കരുതിവച്ചിരിക്കും. സാഹചര്യങ്ങളാണ് നമ്മളെ ഓരോന്ന് ആക്കിത്തീർക്കുന്നത്. പഴയതുപോലുള്ള ആക്രമണത്വരയൊന്നും ഇപ്പോഴില്ല. പ്രായം മാറ്റിമറിക്കാത്തതായി എന്തെങ്കിലും ഉണ്ടാവുമോ? എന്ത് ചെയ്താലും അതിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഹൃദയത്തിൽ ഇപ്പോഴും ക്രിക്കറ്റ് തന്നെയാണുള്ളത്. പ്രായത്തിനനുസരിച്ച് നമ്മുടെ താത്പര്യങ്ങൾക്കും നമ്മൾ പരിഗണന നൽകുന്ന കാര്യങ്ങൾക്കും മാറ്റം വരാം. എങ്കിലും ക്രിക്കറ്റ് തന്നെയാണ് എനിക്ക് ഏറ്റവും മുഖ്യം. എന്നാൽ, ക്രിക്കറ്റ് ഭരണം ഒരുപാട് കാലം കൊണ്ടുപോകാമെന്ന് തോന്നുന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയായി നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഇപ്പോൾ ഞാൻ എന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഫിറ്റ്നസ് കൈവരിച്ച് തിരിച്ചുവരേണ്ടതുണ്ട്. എന്ത് ഉത്തരവാദിത്വം ഏൽപിച്ചാലും അത് ഭംഗിയായി നിർവഹിക്കണമെന്നുണ്ട്. ക്യാപ്റ്റനാവുന്നതും ബി.സി.സി.ഐ അധ്യക്ഷനാവുന്നതും ടീം അഴിച്ചുപണിയുന്നതുമെല്ലാം അസുലഭാവസരങ്ങളാണ്. മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന അവസരങ്ങൾ. ഇതിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണ്- ഗാംഗുലി പറഞ്ഞു.