ചിന്താ ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചൂല് മൂത്രത്തിൽ മുക്കി അവളെ(ചിന്താ ജൊറോം)അടിക്കണം. ജനങ്ങളുടെ കമ്മീഷൻ അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റേത്. അൺപാർലമെന്ററിയായ കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
‘സഭ്യമല്ലാത്ത കാര്യങ്ങളാണ് ചിന്ത ചെയ്തുകൊണ്ടിരിക്കുന്നത്. കോപ്പിയടിക്കുക, എന്നിട്ട് ഡോക്ടറേറ്റ് വാങ്ങുക, എന്നിട്ട് ഒരു ലജ്ജയുമില്ലാതെ അവിടെ കടിച്ചുതൂങ്ങുക, ഒരു പാവപ്പെട്ട പാർട്ടിയുടെ നേതാവെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുക… എന്താണിത്?. വനിതാ നേതാവായാലും പുരുഷ നേതാവായും ഈ നാട്ടിലെ ജനങ്ങളെ ബഹുമാനിക്കണം.’– സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുരേന്ദ്രൻ വിമർശിച്ചു.‘പിണറായി സർക്കാർ ചെയ്യുന്നതിനേക്കാൾ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കൾ ജനങ്ങൾക്ക് ചെയ്യുന്നുണ്ട്. പശുക്കളുടെ സമ്പത്ത് കൊണ്ട് കൃഷി നന്നാവുന്നുണ്ട്. ആളുകൾക്ക് വരുമാനം ഉണ്ടാകുന്നു. ഈ പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
മാഫിയ സർക്കാരാണ് കേരളത്തിലേത്. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹർത്താലടക്കമുള്ള പ്രതിഷേധങ്ങൾ നടത്തും. ഒരുപാട് തുക കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നുണ്ട്. ശബരി പാതയ്ക്കായി മാത്രം 100 കോടി നൽകി. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.