MOHAMMED ASIF K (Sub Editor)
കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ബോർഡ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന ഉത്തരവ് വന്നിട്ടുണ്ടായിരുന്നു. പിന്നാലെ ഒട്ടനവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് നിറഞ്ഞത്. യുക്തിബോധത്തോടെ ചിന്തിക്കുന്ന ഏതൊരാൾക്കും ആദ്യം ആ വർത്ത കാണുമ്പോൾ ചിരി വന്നേക്കാം. എന്നാലിത് അത്രനിസ്സാരവൽക്കരിച്ചുകൊണ്ട്, ട്രോളുകളിലെ തമാശ മാത്രം ഉൾകൊണ്ട് തള്ളിക്കളയേണ്ട വിഷയമാണോ ?
ബിജെപിക്കെതിരെയുള്ള ട്രോളുകൾ അവരെ തങ്ങളുടെ രാഷ്രീയ അജണ്ടകൾ പരോക്ഷമായി ജനങ്ങളിൽ കുത്തിവെക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. എന്നാൽ കേരളത്തെ അത് വലിയ തോതിൽ ബാധിക്കുന്നില്ലെങ്കിലും മറ്റു ബിജെപി കേന്ദ്രീകൃത സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളെ അത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. പ്രതേകിച്ചും ദളിതരെയും മുസ്ലിംങ്ങളെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും. പശുവിനെ അമ്മയായും ദൈവമായും കാണുന്ന സംഘപരിവാർ ഇഷ്ട ഭക്ഷണം കഴിക്കാൻ ഭരണഘടനാ സ്വാതന്ത്ര്യമുള്ള രാജ്യത്ത് എത്ര മുസ്ലിങ്ങളെയാണ് ബീഫ് കഴിച്ചതിന്റെ പേരിൽ ആക്രമിച്ചതും കൊലപ്പെടുത്തിയതും എന്നത് നമ്മൾ കണ്ടതാണ്. എന്തിന് ഈ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കർണാടകയിലെ കോപ്പൽ ജില്ലയിൽ സവർണ ഹിന്ദുവിന്റെ ഭൂമിയിൽ പശു വഴിതെറ്റി ചെന്നു എന്നാരോപിച്ച് ദളിത് സ്ത്രീയെ ആക്രമിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അവിടെയും ബ്രാഹ്മണന്റെ പശുവാണ് ശരിയായ പശു എന്ന തികച്ചും അസംബന്ധമായ മനോഭാവം നിലനിൽക്കുന്നു.
പശു ഇന്ത്യൻ സംസ്കാരത്തിന്റെ നട്ടെല്ലാണെന്നും കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കാനും മറ്റു അസുഖങ്ങൾ തടയാനും സന്തോഷം നൽകാനും കാരണമാകുമെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടം നിലനിൽക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഭാവിയിൽ പശുവിന്റെ പേരും പറഞ്ഞ് എത്ര ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. കൂടാതെ പ്രണയം ഭിന്നതകൾക്കുമപ്പുറത്തേക്ക് മനുഷ്യരെ ഏകീകരിക്കുമ്പോൾ വർഗീയതക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് പ്രണയവും പ്രണയദിനങ്ങളും ഒരു ഭീഷണിയാണ്. പ്രണയത്തിന്റെ മനോഹരമായ രാഷ്രീയത്തെപ്പോലും തകർത്തുകളയാനുതകുന്ന ഒരു രാഷ്രീയ അജണ്ട ‘കൗ ഹഗ് ഡേ’ എന്ന പുത്തൻ ആശയത്തിനുണ്ടെന്നത് വിശ്വസിക്കുന്നതിലും തെറ്റില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് ഹിന്ദുത്വ കാലത്ത് ‘പശു’ കേവലമൊരു മൃഗമല്ലാതാകുന്നതും സംഘപരിവാർ വംശഹത്യക്കായി ഉപയോഗിക്കുന്ന ഒരു പൊളിറ്റിക്കൽ ടൂളായി മാറുന്നതും.

