രത്നഗിരി: പെട്രോളിയം റിഫൈനറിയേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം. ശശികാന്ത് വരിഷെ എന്ന മാധ്യമ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു ശശികാന്ത് വരിഷെ. രത്നഗിരിയിലെ നാണാറിലുള്ള എണ്ണശുദ്ധീകരണ ശാലയ്ക്ക് എതിരായ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഭൂമി ഇടപാടുകാരനായ പണ്ഡാരിനാഥ് അംബേദ്കര്‍ ശശികാന്ത് വരിഷെ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാറ് ഇടിച്ചു കയറ്റിയത്.
ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശശികാന്ത് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. പ്രാദേശികരുടെ കനത്ത എതിര്‍പ്പ് നേരിടുന്ന എണ്ണ ശുദ്ധീകരണ ശാലയ്ക്കെതിരെ ശശികാന്ത് വാര്‍ത്തകള്‍ ചെയ്തിരുന്നു. റിഫൈനറിയെ പിന്തുണയ്ക്കുന്ന വിഭാഗം ആളുകളിലൊരാളായ പണ്ഡാരിനാഥ് ശശികാന്തിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. റിഫൈനറിക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വാദങ്ങള്‍ നിരത്തിയ ലേഖനത്തില്‍ പണ്ഡാരിനാഥിന്റെ കുറ്റകൃത്യങ്ങളിലെ ഇടപെടലുകളേക്കുറിച്ച് ശശികാന്ത് വിശദമാക്കിയിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കൊപ്പവും പണ്ഡാരിനാഥ് നില്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്ത്തകന് ആക്രമിക്കപ്പെട്ടത്.