
KTET 3 യോഗ്യതാ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, ഹൈസ്കൂള്‍ അധ്യാപക പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ 2020 ഡിസംബർ 30 ന് പുറത്തിറക്കുകയും അപേക്ഷിയ്ക്കുന്നതിനുള്ള സമയം ഫെബ്രുവരി 3ഓടെ അവസാനിപ്പിക്കുകയും ചെയ്ത PSC നടപടിയില്‍ ആശങ്കയിലായി ഉദ്യോഗാര്‍ഥികള്‍.
നിലവിൽ കാലാവധി തീർന്ന മറ്റ് വിഷയങ്ങൾ ഉണ്ടായിട്ടും HSA മാത്തമാറ്റിക്സ്, നാച്ചുറൽ സയന്‍സ് വിഷയങ്ങള്‍ക്ക് മാത്രമാണ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കുകയും അപേക്ഷ സ്വീകരിയ്ക്കുകയും ചെയ്തത്. 2012 ലാണ് ഇതിനു മുന്പ് HSA പരീക്ഷയ്ക്കായി PSC അപേക്ഷ ക്ഷണിച്ചത്, 8 വര്‍ഷത്തിനു ശേഷം അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നിലവില്‍ KTET 3 ഫലം കാത്തിരിയ്ക്കുന്ന, മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ പൂര്‍ണമായും അവഗണിയ്ക്കുന്ന സമീപനമാണ് PSC യുടെ ഭാഗത്ത് നിന്നുണ്ടായത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഡിസംബറിൽ പ്രഖ്യാപിച്ച KTET പരീക്ഷ പല തവണ മാറ്റി വെച്ച് 2021 ജനുവരി 17 നാണ് നടന്നത്. എല്ലാ വര്‍ഷവും ജനുവരി, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ മൂന്നു തവണകളായി നടക്കാറുള്ള യോഗ്യതാ പരീക്ഷ ഡിസംബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജനുവരി 17 ന് മാത്രം നടക്കുകയും ഫല പ്രഖ്യാപനം നടക്കാതെ വരികയും ചെയ്തു. HSA അപേക്ഷാ തീയതി അവസാനിയ്ക്കുന്നതിനു മുന്‍പ് അധികൃതരെ പല തവണ ബന്ധപ്പെട്ടെങ്കിലും ഫല പ്രഖ്യാപനം വേഗത്തിലാക്കുന്നതിനുള്ള അനുകൂല നടപടി സ്വീകരിക്കാത്തതുമൂലം ട്രിബ്യൂണൽനെ സമീപിക്കുകയും ചെയ്തു.
കൊവിഡ് മൂലം 2020 ല്‍ നടക്കേണ്ട KTET പരീക്ഷ വൈകിയത് ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുള്ള പിഴവല്ല. മാത്രമല്ല, KTET പരീക്ഷയ്ക്ക് നേരത്തെ 7 വര്‍ഷത്തെ വാലിഡിറ്റി മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നതിനാല്‍ HSA പരീക്ഷയടുക്കുന്ന സമയത്ത് KTET യോഗ്യത നേടാനാണ് ഏറെപ്പേരും ശ്രമിയ്ക്കാറുള്ളത്. (2020 ഒക്ടോബറിലാണ് ഈ തീരുമാനത്തില്‍ മാറ്റം വരുത്തി ആജീവനാന്ത വാലിഡിറ്റി നിശ്ചയിച്ചത്.
2020 ഡിസംബര്‍ 30 ന് നോട്ടിഫിക്കേഷന്‍ വന്ന HSA തസ്തികയിലേയ്ക്ക് അപേക്ഷിയ്ക്കാനുള്ള അവസാന തിയ്യതി ഇക്കഴിഞ്ഞ ഫെബ്രുവരി 3 ആയിരുന്നു. ഇതിനകം KTET ഫലം പ്രഖ്യാപിയ്ക്കുകയോ കുറഞ്ഞപക്ഷം ഉത്തരസൂചിക പ്രസിദ്ധീകരിയ്ക്കാന്‍ പോലും വിദ്യാഭ്യാസവകുപ്പ് പരീക്ഷാ ഭവന്‍ തയാറായില്ല. വിദ്യാഭ്യാസ വകുപ്പും PSCയും കാര്യഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യാതിരുന്നതിനാല്‍ KTET ഫലം കാത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടായത്. 2020 ല്‍ KTET യോഗ്യത നേടി HSA തസ്തികയിലേയ്ക്ക് അപേക്ഷിച്ച് ജോലി നേടാമെന്ന് സ്വപ്നം കണ്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെയാണ് PSC യുടെ ഈ നടപടി വെട്ടിലാക്കിയത്. HSA യുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിനു ജൂണ്‍ 2021വരെ കാലാവധി ഉണ്ടെന്നിരിയ്ക്കെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിയ്ക്കാതെ തിടുക്കപ്പെട്ട് വിജ്ഞാപനവും അപേക്ഷ സ്വീകരിയ്ക്കലും നടത്തിയത് നിരവധി പേരുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിനേറ്റ പ്രഹരമാണ്.
കോവിഡ് പശ്ചാത്തലത്തിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് ഒരവസരം കൂടി നൽകുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയും ചെയ്ത സാഹചരൃത്തിൽ KTET ഫലം പ്രഖ്യാപിച്ച ശേഷം യോഗ്യത നേടിയവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്ന തരത്തില്‍ റീ നോട്ടിഫിക്കേഷന്‍/എക്സ്ട്രാ നോട്ടിഫിക്കേഷൻ
പുറപ്പെടുവിയ്ക്കാന്‍ PSC തയ്യാറാവുകയാണെങ്കില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് വിഫലമാകില്ല.

