കോട്ടയം: ബഫർസോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ. കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ചുപോകണമെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്‌സ് ഒഴുകയിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഉദ്യോഗസ്ഥർ നൽകുന്ന കടലാസ് ഒപ്പിടാൻ മാത്രം ഇരിക്കുന്ന മുഖ്യമന്ത്രിയെ വേണ്ട. ബഫർ സോണിൽ കർഷകരുടെ പ്രശ്‌നം മനസിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഏയ്ഞ്ചൽവാലിയിൽ സംഘടിപ്പിച്ച പ്രധിഷേധ പരിപാടിയിൽ അലക്സ് ഒഴുകയിൽ പറഞ്ഞു.
മേഖല വനഭൂമി ആക്കിയതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണ്. സർക്കാർ വിചാരിച്ചാൽ ബഫർ സോണിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കാൻ കഴിയും. എന്നാൽ അവർ അത് ചെയ്യാതെ കർഷക ജനതയെ വിഡ്ഢികളാക്കുകയാണ്. പെരിയാർ ടൈഗർ റിസേർവ് മേഖലയുടെ അന്തിമ വിഞ്ജാപനം സംസ്ഥാന സർക്കാർ ഇതുവരെയും പുറത്തിറക്കിയിട്ടില്ലെന്നും അലക്സ് പറയുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നു.
ഏയ്ഞ്ചൽവാലി, പാമ്പാവലിയിലെ മേഖലയിൽ നിലനില്പിനായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസ് കേസ് എടുക്കുകയാണെങ്കിൽ അവർക്ക് കേസ് നടത്താൻ സൗജന്യമായി നിയമസഹായം ചെയ്തു നൽകാൻ തയ്യാറാണെന്നും കിഫ നേതൃത്വം വ്യക്തമാക്കി. കിഫയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലി പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പ്രകടനവും പത്തനംതിട്ട ജില്ലയിലെ തുലപ്പള്ളിയിൽ നിന്നും പമ്പാവലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എത്തിയ പ്രകടനവും ഏയ്ഞ്ചൽവാലി ജംഗ്ഷനിൽ സംഗമിച്ചു.