കലോത്സവം കഴിഞ്ഞ ഉടൻ കലോത്സവ നഗരം ക്ലീൻ, വേദികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന നിർദേശം പൂർണമായും പാലിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ച് ദിവസം ലക്ഷക്കണക്കിന് പേർ കലോത്സവ നഗരിയിലെത്തി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നന്നേ കുറവായിരുന്നു. അതാത് ദിവസം തന്നെ ശുചിത്വ സേനയുടെ നേതൃത്വത്തിൽ കലോത്സവ വേദികൾ ശുചീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.
കലോത്സവം കഴിഞ്ഞതിന് ശേഷം ആയിരത്തോളം പേർ നഗരം ശുചിത്വ പൂർണമാക്കാൻ ഇറങ്ങി. മുഖ്യ വേദിയായ വിക്രം മൈതാനം മുതൽ കടപ്പുറം വരെ ഒരൊറ്റ ദിവസം കൊണ്ട് ക്ലീൻ ആയിരിക്കുകയാണ്. നഗരം ശുചിത്വ പൂർണമാക്കാൻ മുന്നിട്ടിറങ്ങിയ കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളെയും നഗരസഭയുടെ ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സ്കൂൾ പിടിഎകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, തട്ടുകട തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.