കോവിഡ് വ്യാപനത്തിനിടയിലും ഡൽഹിയിൽ ലോക്ഡൗണിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡ്മുക്തനായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ പുതിയ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. എന്നാൽ, ഭീതിയുടെ ആവശ്യമില്ലെന്നും വളരെ കുറച്ചുപേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നും കെജ്രിവാൾ അറിയിച്ചു.
മാസ്‌ക് ധരിക്കൽ വളരെ പ്രധാനമാണ്. നിങ്ങൾ മാസ്‌ക് ധരിക്കുന്നത് തുടർന്നാൽ ലോക്ക്ഡൗണൊന്നുമുണ്ടാകില്ല. തൽക്കാലത്തിന് ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനമില്ല. പുതിയ തരംഗം പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത തരത്തിൽ പരമാവധി കുറഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം-അദ്ദേഹം കൂട്ടിച്ചേർത്തു.