കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതിനിടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിര്‍ണായക മാകുന്നു. അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നുവെന്ന് പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റവരിയിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്. എന്നാല്‍, പിന്നീട് നടന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഒന്നും പറയുന്നില്ല.
കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംശയകരമായ മുറിവുകളോ മറ്റ് പാടുകളോ ശരീരത്തിലില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ശരീരത്തിലെ നിറവ്യത്യാസം മരണശേഷം സ്വാഭാവികമായി വരുന്നതാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് നല്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകമാണെന്ന് സംശയിക്കുന്നതായാണ് കുടുംബം പ്രതികരണം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ കാണിച്ച് ആത്മഹത്യയാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു. സംശയങ്ങളും വിവാദങ്ങളും ഉയരുന്ന പശ്ചാത്തലത്തില്‍ ആന്തരികാവയവങ്ങളും സാമ്പിളുകളും രാസപരിശോധനക്ക് അയക്കാറുണ്ട്. എന്നാല്‍ അതും ഉണ്ടായിട്ടില്ല.
ധൃതിപ്പെട്ട് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ച കടുംബം, പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അധികൃതര്‍ തള്ളുകയും ചെയ്തു.

