സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.
കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക ആശുപത്രിയിലാണുള്ളത്. അവിടെ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി.
വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.ഉച്ചയ്ക്ക് 12.20-ഓടെയാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ട്. സംഭവസമയത്ത് വലിയ ശബ്ദം കേട്ടതായും ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് മരങ്ങള്‍ക്കിടയിലേക്കാണെന്നും വലിയരീതിയില്‍ തീ ഉയര്‍ന്നതായും പരിസരവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.