ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു.
മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം
ഒരു സിനിമക്കെതിരെ മാത്രമല്ല ചുരുളി വന്നപ്പോഴും വേറെ രീതിയിലുള്ള പ്രചരണം വന്നിരുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കമല്‍ പറഞ്ഞു.
ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാറിന്റെ റിലീസിനെ പേടിച്ചല്ലെന്നും ഐ.എഫ്.എഫ്.കെയെക്കുറിച്ച് അറിയാവുന്നവര്‍ അങ്ങനെ പറയില്ലെന്നും കമല്‍ പറഞ്ഞു.
26ാമത്തെ ചലച്ചിത്ര മേളയാണ് വരാന്‍ പോകുന്നത്. എല്ലാ വര്‍ഷവും ഡിസംബറിലാണ് മേള നടക്കുന്നത്. ഇതിനു മുന്‍പും സൂപ്പര്‍താരങ്ങളുടെ വലിയ റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയില്‍ ഐ.എഫ്.എഫ്.കെ നടത്തിയിട്ടുണ്ട്. മരക്കാര്‍ വലിയ സിനിമ തന്നെയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല. സര്‍ക്കാര്‍ എടുത്ത തീരുമാണതെന്നും കമല്‍ പറഞ്ഞു.