മകന്റെ പഠന ആവിശ്യത്തിനായുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സർക്കാർ ഓഫീസിൽ നിന്നും നാല് മാസങ്ങളോളമായി ലഭിക്കാത്തതിനെ തുടർന്ന് നിയമനടപടിക്കൊരുങ്ങി കോഴിക്കോട് ചെലവൂർ താമസിക്കുന്ന ഡോക്ടർ എൻ രാമചന്ദ്രൻ. തമിഴ്നാട് സ്വദേശിയായ രാമചന്ദ്രൻ 18 വർഷത്തോളമായി കുടുംബത്തോടൊപ്പം കേരളത്തിൽ താമസിച്ചു വരുന്ന വ്യക്തിയാണ്. ഇപ്പോൾ ഐഐഎം ൽ സീനിയർ സിസ്റ്റംസ് മാനേജർ ആയി ജോലി ചെയ്യുന്നു.
മകൻ സുജയ് കേരളത്തിലെ സ്കൂളിൽ തന്നെയാണ് പഠിച്ചു വളർന്നതെങ്കിലും ഹയർ സ്റ്റഡീസ് സ്വന്തം നാടായ തമിഴ്നാട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. തമിഴ്നാട് കോളേജുകളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ എടുക്കുന്നതിനായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ സർട്ടിഫിക്കറ്റിനായി കുറെ മുൻപേ തന്നെ അപേക്ഷിച്ചിട്ടും കൃത്യമായ സമയത്തു അദ്ദേഹത്തിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാതെ വരികയും മകനെ തമിഴ്നാട്ടിൽ ചേർക്കാനാവാതെ ബാംഗ്‌ളൂരിലെ ഒരു കോളേജിൽ അഡ്‌മിസ്‌ഷൻ എടുക്കേണ്ടി വരികയും ചെയ്തു.
” കോഴിക്കോട് കോർപറേഷൻ ഓഫീസിലാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നത്. പക്ഷെ അവിടെ നിന്നും അപേക്ഷ തഹ്സിൽദാർ റിജെക്ട് ചെയ്തു. തുടർന്ന് സിഎം സെല്ലിലേക്ക് പരാതി കൊടുത്തിരുന്നു. അത് കളക്ടർക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. പിന്നീട് സിഎം സെല്ലിൽ വിളിച്ചു നിയമപ്രകാരമുള്ള രേഖകളെല്ലാം വെച്ച് വീണ്ടും പരാതി കൊടുത്തിട്ടും അവർ അതിനെ ഒട്ടു ഗൗരവത്തിലെടുത്തില്ല.
കേരള പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരളത്തിൽ അഞ്ചു വർഷം തുടർച്ചയായി താമസിക്കുന്നതിന്റെ തെളിവ് ഉണ്ടായാൽ തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാണ്. എന്നാൽ എന്റെ മകന് മൂന്ന് മാസം പ്രായമുള്ളപ്പോൾ കേരളത്തിൽ വന്ന് താമസം തുടങ്ങിയ എനിക്ക് അത് നിഷേധിക്കപ്പെടുന്നു. തമിഴ്നാട്ടിൽ എനിക്ക് ഒരു രേഖയും ഇല്ല, ഇവിടെ റേഷൻ കാർഡ്, പാസ്പോർട്ട്, പാൻകാർഡ് തുടങ്ങിയ എല്ലാ രേഖകളും കൈവശമുണ്ട്. മകൻ ഇപ്പോൾ ബാംഗ്ലൂരിലെ ഒരു വിദ്യാഭ്യാസ സഥാപനത്തിൽ അഡ്മിഷൻ എടുത്തെങ്കിലും നിയമപരമായി ഈ അവകാശ നിഷേധത്തിനെതിരെ ഞാൻ ശക്തമായി മുൻപോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുപോലുള്ള അവസ്ഥകൾ മറ്റാളുകൾക്ക് ഉണ്ടാവരുതെന്നും സർക്കാർ ഉത്തരവാദിത്തത്തോടെ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപെടണമെന്നും എനിക്ക് വാശിയുണ്ട് ” എൻ രാമചന്ദ്രൻ ജനശബ്ദത്തോട് പറഞ്ഞു.