ഗിനിയയിൽ നാവികസേന തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുൻ കപ്പലിലെ മലയാളി ഓഫീസർ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല. അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ തിരികെ കപ്പലിൽ തന്നെ എത്തിച്ചു. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ കരയിൽ തടവിലാണ്.ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ 26 പേരാണുള്ളത്. ഇവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേർ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫീസർ അറസ്റ്റിലായത്. സനുവിനെ നൈജീരിയക്ക് കൈമാറിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ തിരിച്ച് കപ്പലിൽ എത്തിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്.