
മാവൂരില്‍ എട്ട് കിലോയോളം കഞ്ചാവുമായി നിലമ്പൂര്‍ സ്വദേശിയായ 22 കാരന്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. വിശാഖപട്ടണത്തു വെച്ച് മറ്റൊരു കഞ്ചാവ് കേസില്‍ മൂന്നര മാസം ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ആന്ധ്രയില്‍ നിന്നും ലോറിവഴി എത്തിയ കഞ്ചാവ് തൃശ്ശൂരില്‍ നിന്നും ശേഖരിച്ച് മാവൂര്‍ ഭാഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായതെന്ന് പ്രതി പറയുന്നു.
കഞ്ചാവിന്റെ ഉപയോഗം കൂടിയതാണ് വലിയ അളവില്‍ ഇറക്കുമതി ചെയ്യപ്പെടാന്‍ കാരണമാവുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിതരണക്കാര്‍ തമ്മില്‍ പരിചയമില്ലാത്തതും ഇതിനായി പ്രത്യേക അന്വേഷണം നടക്കാത്തതും കേസിലെ മറ്റു കണ്ണികളെ കണ്ടെത്തുന്നതിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
മാവൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂര്‍ സ്വദേശി മുഹമ്മദ് സ്വാലിഹിന്റെ കാറില്‍ നിന്നും നാല് പാക്കറ്റുകളിലായി എട്ട് കിലോയോളം കഞ്ചാവാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
കുറച്ച് കാലം മുന്‍പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പതിമംഗലത്ത് നിന്നും വലിയ അളവില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനേകം കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

