കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും പിവി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനല്‍ തന്നെയാണെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നും അന്‍വര്‍ മറുപടി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ സീല്‍ വെച്ച കവറില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത് എന്നും അന്‍വര്‍ പറഞ്ഞു.
പി ശശിക്കെതിരായ ആരോപണത്തില്‍ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന്, ഇനി രാഷ്ട്രീയ മറുപടിയില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രമാണ് മറുപടി പറയുക. ഡിഐജി നേരിട്ടാണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ ഇപ്പോള്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.