നഗരസഭാ കൗണ്‍സിലറുടെ കടയില്‍നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
25ാം വാര്‍ഡ് കിഴക്കേകുന്ന് എല്‍ ഡി എഫ് കൗണ്‍സിലറാണ് സുലൈമാന്‍. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഇയാളുടെ കടയില്‍ ലഹരിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പൊലിസീന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ചില്ലറ വില്‍പ്പനക്കായാണ് ഇവ കടയിലെത്തിച്ചതെന്നും ഇതിന് വിപണിയില്‍ ഒരുലക്ഷത്തോളം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേരി ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, സിപിഒമാരായ അനീഷ് ചാക്കോ, അബ്ദുറഷീദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.