പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പാലക്കാട് ധോണിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശിവരാമനടക്കം ഒന്‍പതുപേരടങ്ങിയ സംഘമാണ് നടക്കാനിറങ്ങിയത്.
ചിന്നം വിളി കേട്ട് ഓടിയെങ്കിലും പിന്നാലെയെത്തിയ ആന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്കാര്‍ക്കും പരിക്കുകളില്ല. ശിവരാമന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു ഡിഎഫ്ഒയുടെ വിവാദ പരാമര്‍ശം. എന്തിനാണ് പ്രഭാത നടത്തത്തിനിറങ്ങിയത് എന്നായിരുന്നു പ്രതികരണം. ഇതിനെതിരെ പ്രതിഷേധവുമായി സിപിഐഎം ഉള്‍പ്പടെ രംഗത്തെത്തി.
നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ അധികൃതര്‍ സ്ഥലത്തെത്തി. സ്ഥലം എംഎല്‍എ, ആര്‍ഡിഒ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ആനയെ മയക്കുവെടി വെക്കാന്‍ തീരുമാനമായി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരിച്ച ശിവരാമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ.ശശീന്ദ്രന്‍ അറിയിച്ചു. ജില്ലാ കളക്ടറോട് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടതായും വന്ത്രി വ്യക്തമാക്കി.